ചങ്ങനാശേരി: എസ്ബി കോളജ് മൈതാനത്ത് അഞ്ചു ദിവസമായി നടന്ന അതിരൂപത 27-ാമത് ബൈബിള്‍ കണ്‍വൻഷനു സമാപനം. പതിനായിരക്കണക്കിന് വിശ്വാസികൾ കൺവൻഷനിൽ ദിവസവും പങ്കെടുത്തു. ആർച്ച്ബിഷപ് മാർ തോമസ് തറയിൽ വിശുദ്ധ കുർബാന അർപ്പിച്ച് സമാപന സന്ദേശം നൽകി.
കർത്താവിന്റെ സ്നേഹം അനുഭവിച്ചാൽ പാപം ചെയ്യാൻ കഴിയില്ലെന്നും കർത്താവ് സ്പർശിച്ചാൽ പിന്നെ കർത്താവിനെ ഉപേക്ഷിക്കില്ലെന്നും മാർ തറയിൽ പറഞ്ഞു.
ശിക്ഷിക്കുന്ന ഒരു ദൈവമല്ല രക്ഷിക്കുന്ന ഒരു ദൈവമാണ് നമ്മുടെതെന്നും നിനക്കായി കാത്തിരിക്കുന്ന ഒരു ദൈവമാണ് നമ്മുടേതെന്നും നാം മനസിലാക്കണം. കുടുംബങ്ങളിൽ പരസ്പരം സ്നേഹിക്കാനും പങ്കുവയ്ക്കാനും കഴിയണമെന്നും ആർച്ച്ബിഷപ് പറഞ്ഞു.
കോട്ടയം ഫൊറോന വികാരി ഫാ. ജേക്കബ് വട്ടക്കാട്, തുരുത്തി ഫൊറോന വികാരി ഫാ. ജേക്കബ് ചീരംവേലി എന്നിവർ സഹകാർമികത്വം വഹിച്ചു. അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലാണ് കൺവൻഷൻ നയിച്ചത്. രാവിലെ യുവദീപ്തി എസ്എംവൈഎമ്മിന്റെ നേതൃത്വത്തിൽ യുവജന കണ്വന്ഷൻ നടന്നു.
ഫാ. സേവ്യർ ഖാൻ വട്ടായിൽ രോഗസൗഖ്യ പ്രാർഥനയും കുടുംബങ്ങളെ സമർപ്പിച്ചു കൊണ്ടുള്ള പ്രാർഥനയും വചനപ്രഘോഷണവും സൗഖ്യാരാധനയും നടത്തി. സമാപന യോഗത്തിൽ വികാരി ജനറാൾ മോൺ. ആന്റണി എത്തയ്ക്കാട്, ബൈബിൾ അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. ജോർജ് മാന്തുരുത്തി എന്നിവർ പ്രസംഗിച്ചു.